Monday, April 27, 2009

ഇന്നലെ നാം രാഷ്ട്രീയത്തെ തെറ്റായി ഉപയോഗിക്കുന്നതിനെക്കുറിച്ച് ചര്‍ച്ച ചെയ്തു. രാഷ്ട്രീയം വ്യക്തിക്കോ, വ്യക്തികള്‍ക്കോ, ഒരു പ്രത്യേക സമുദായത്തിനൊ, ഗ്രൂപ്പിനോ, സ്വാധീന ശക്തിയുള്ളവര്‍ക്കോ വേണ്ടി ദുരുപയോഗം ചെയ്യുകയും അത് ഒരു മഹാ ഭൂരിപക്ഷത്തിന്റെ അവകാശങ്ങളെ ഹനിക്കുകയും ചെയ്യുമ്പോള്‍ രാഷ്ട്രീയവും അത് കൈകാര്യം ചെയ്യുന്നവരും ദുഷിക്കുന്നു. അങ്ങനെ രാഷ്ട്രീയത്തെക്കുറിച്ച് ജനങ്ങള്‍ക്ക്‌ അവജ്ഞ ഉണ്ടാകുന്നു. ആ അവജ്ഞ അത്രുപ്തിയായും മെല്ലെ മെല്ലെ സംഘര്‍ഷമായും വളരുന്നു. ഇപ്പോള്‍ ശ്രീലങ്കയില്‍ നടക്കുന്ന സംഘര്‍ഷം അങ്ങനെയൊരു അസംത്രുപ്തിയില്‍ നിന്നു വളര്‍ന്നു വന്നതാണ്. അവിടത്തെ സിംഹള ഭൂരിപക്ഷം തമിഴ് ന്യൂനപക്ഷത്തെ മാര്‍ജിനലൈസ് ചെയ്യാന്‍ തുടങ്ങിയപ്പോള്‍ തമിഴര്‍ ചെറുത്തുനില്‍പ്പ്‌ ആരംഭിച്ചു. അന്ന് അവര്‍ക്ക്‌ നേതൃത്വം നല്കാന്‍ ഒരു പ്രഭാകരന്‍ മുന്നിട്ടിറങ്ങി. പ്രഭാകരന്‍ വന്നില്ലെന്കില്‍ മറ്റൊരാള്‍ ആ സ്ഥാനത്ത് വരുമായിരുന്നു. അത് ചരിത്രത്തിന്റെ ഒരു അനിവാര്യതയാണ്. സംഭവാമി യുഗേ യുഗേ. അതിന് അവര്‍ സ്വീകരിച്ച മാര്‍ഗം ശരിയോ തെറ്റോ എന്നത് വേറെ കാര്യം. ഇപ്പോഴും എല്‍ ടി ടി ഇ യെ തുരത്താന്‍ എന്ന പേരില്‍ നടക്കുന്ന യുദ്ധവും ലക്‌ഷ്യം വെക്കുന്നത് സാധാരണ ജനങ്ങളെ തന്നെയാണെന്നു തെളിയിക്കുന്ന റിപ്പോര്‍ട്ടുകള്‍ വന്നു കഴിഞ്ഞു . ലക്ഷക്കണക്കിന്‌ തമിഴര്‍ ആവശ്യത്തിനു ഭക്ഷണവും വസ്ത്രവും മരുന്നും കിട്ടാതെ യുദ്ധഭൂമിയില്‍ ജീവിക്കുമോ മരിക്കുമോ എന്നറിയാതെ ഉഴറുന്നു. കൂടെ പല സിവിളിയന്മാരെയുംപ്രത്യേകിച്ചു ചെറുപ്പക്കാരെ സംശയത്തിന്റെ പേരില്‍ പട്ടാളക്കാര്‍ പീഡിപ്പിക്കുന്നതിന്റെ റിപ്പോര്‍ട്ടുകളും വന്നു കഴിഞ്ഞു . രാഷ്ട്രീയം തെറ്റായി ഉപയോഗിച്ചതിന്റെ ഏറ്റവും നല്ല ഉദാഹരണം. ഇതു എല്ലാ രാജ്യത്തും നടക്കുന്നു. ചില രാജ്യങ്ങള്‍ തങ്ങളുടെ നിലനില്പ്പിനെന്ന പേരില്‍ മറ്റു രാജ്യങ്ങളെ ആക്രമിക്കുന്നു. അവിടെ അധിനിവേശം നടത്തുന്നു. അവിടത്തെ ജനങ്ങളെ നിര്‍ബ്ബാധം കൊന്നൊടുക്കുന്നു. അല്ലെങ്കില്‍ ഉപരോധം ഏര്‍പ്പെടുത്തുന്നു. എല്ലാം മനുഷ്യന്‍ മനുഷ്യനെതിരെ നടത്തുന്ന ആക്രമണം. ഭൂമിയിലെ മറ്റൊരു ജീവിയും കാരണമില്ലാതെ മറ്റൊരു ജീവിയേയും കൊല്ലാറില്ല. ഇവിടെ മനുഷ്യന്‍ കാരണമില്ലാതെ സഹജീവികളെ കൊല്ലുന്നു. അത്ന് കാരണം ഉണ്ടാക്കുന്നു. ഭൂമിയില്‍ സംസ്കാരങ്ങള്‍ കെട്ടിപ്പടുത്ത മനുഷ്യന്‍. ഭാഷകളും സംസ്കാരങ്ങളും ഉണ്ടാക്കിയ മനുഷ്യന്‍. ശാസ്ത്രത്തില്‍ വിസ്മയം തീര്‍ത്ത മനുഷ്യന്‍. ഇപ്പോള്‍ അവന്‍ താന്‍ സൃഷ്ടിച്ച്ചതൊക്കെയും നശിപ്പിക്കാനുള്ള ശ്രമത്തിലാണ്. അതിനുള്ള ധാരാളം ആയുധങ്ങള്‍ അവന്‍ ശേഖരിച്ചിട്ടുണ്ട്. അവന്റെ കൂടുതല്‍ സമയവും ശ്രദ്ധയും അതിന് വേണ്ടി മാത്രമാണ് ചെലവഴിക്കപ്പെടുന്നത്‌. ഇതൊക്കെ ചെയ്യുന്നത് വിദ്യാഭ്യാസം ഇല്ലാത്തവരോ ബുദ്ധി കുറഞ്ഞവരോ അല്ല. ഭൂമിയില്‍ ഉള്ളതില്‍ ഏറ്റവും വലിയ ബുദ്ധിമാന്മാരാണ് ഇതൊക്കെ ചെയ്യുന്നത്. അത് തന്നെയാണ് ഏറ്റവും വലിയ വിരോധാഭാസം.

Sunday, April 26, 2009

എന്താണ് രാഷ്ട്രീയം?എന്ങനെയാണ് രാഷ്ട്രീയത്തില്‍ പ്രവര്‍ത്തിക്കേണ്ടത്? രാഷ്ട്രീയം വെറുക്കപ്പെടേണ്ട ഒന്നാണോ? രാഷ്ട്രീയക്കാരെല്ലാം വെറുക്കപ്പെടേണ്ടവരാണോ? എന്താണ് രാഷ്ട്രീയപ്രവര്‍ത്തനം ? എന്താണ് നല്ല രാഷ്ട്രീയം ? അത് എങ്ങനെയായിരിക്കണം ? ആരാണ് നല്ല രാഷ്ട്രീയക്കാരന്‍ ? രാഷ്ട്രീയക്കാരന്‍ എങ്ങനെയായിരിക്കണം ? ഒരുപാടു ചോദ്യങ്ങള്‍. ഒറ്റ ഉത്തരം. രാഷ്ട്രീയം ഒരു രാജ്യത്ത് ജീവിക്കുന്ന ജനങ്ങളുടെ നല്ല ജീവിതത്തിനുപകരിക്കുന്ന സാഹചര്യങ്ങള്‍ സൃഷ്ടിക്കുന്നതിനുള്ള ഒരുപാധിയാണ്‌. അവരുടെ തൊഴില്‍, വിനോദം, വിശ്രമം, കുടുംബ ബന്ധങ്ങള്‍, സ്വത്തുവകകളുടെ സംരക്ഷണം എന്നിവയൊക്കെ ഉറപ്പു വരുത്തുന്നതായിരിക്കണം രാഷ്ട്രീയം. അത് എല്ലാ ജനങ്ങളെയും ഒരുപോലെ കാണുന്നതായിരിക്കണം. രാഷ്ട്രത്തിന്‍റെ ഭദ്രത കാത്തുസൂക്ഷിച്ച്‌ ജനങ്ങള്‍ക്ക്‌ ബാഹ്യ ഇടപെടലുകളില്‍ നിന്നു സംരക്ഷണം നല്കുന്നതായിരിക്കണംഎന്നാല്‍ നമ്മുടെ രാജ്യത്ത് രാഷ്ട്രീയം കൈകാര്യം ചെയ്യപ്പെടുന്നത് എങ്ങനെയാണ്? നമ്മുടെ രാജ്യത്തെ ജനങ്ങള്‍ക്കെല്ലാം മേല്‍പ്പറഞ്ഞ സൌകര്യങ്ങള്‍ ലഭിക്കുന്നുണ്ടോ ? അടിസ്ഥാന ജീവസന്ധാരണത്തിന് ആവശ്യമായ തൊഴിലും അതുവഴിയുള്ള വരുമാനവും എല്ലാവര്‍ക്കും ലഭിക്കുന്നുണ്ടോ? ഇല്ല എന്ന് നമുക്കെല്ലാവര്‍ക്കും അറിയാം. എന്തുകൊണ്ടിങ്ങനെ സംഭവിച്ചു? കഴിഞ്ഞ അറുപത്തിരണ്ടു വര്‍ഷമായി നാം രാഷ്ട്രനിര്‍മ്മാണം നടത്തിക്കൊണ്ടിരിക്കുകയാണ്. എന്നിട്ടും ഒരു വലിയ വിഭാഗം ജനങ്ങളുടെ അടിസ്ഥാന പ്രശ്നങ്ങള്‍ പോലും പരിഹരിക്കാന്‍ നമ്മുടെ രാജ്യം ഭരിച്ചവര്‍ക്കു കഴിഞ്ഞിട്ടില്ല. ഇത്തരം പ്രശ്നങ്ങള്‍ ഉന്നയിക്കുമ്പോള്‍ രാജ്യം ചില മേഖലകളില്‍ നേടിയ വികസനം എടുത്തു കാട്ടി അവര്‍ വിമര്‍ശകരുടെ കണ്ണില്‍ പൊടിയിടും. വിമാന ഇന്ധനത്തിന്റെ വില പല ഘട്ടങ്ങളായി അമ്പതു ശതമാനത്തോളം കുറച്ചവര്‍ പെട്രോള്‍, ഡീസല്‍, പാചക വാതകം എന്നിവയ്ക്ക് നാമമാത്രമായ കുറവ് മാത്രം വരുത്തി ജനങ്ങളെ സഹായിച്ചു? സ്വകാര്യ വിമാനക്കമ്പനികള്‍ക്ക് കൊള്ളലാഭം നേടാന്‍ ഇതു സഹായകമായി. കാരണം ഇന്ധനത്തിന്റെ വില ഭീമമായി കുറച്ചു കൊടുത്ത്തെന്കിലും യാത്രക്കൂലിയില്‍ യാതൊരു കുറവും കമ്പനികള്‍ വരുത്തിയില്ല. അതിന് സര്‍ക്കാര്‍ നിര്‍ബ്ബന്ധിച്ചുമില്ല. ഇങ്ങനെ കുമിഞ്ഞു കൂടിയ ലാഭത്തില്‍ കുറേയെങ്കിലും ഇപ്പോള്‍ നടക്കുന്ന പൊതുതെരഞ്ഞെടുപ്പിന്റെ ഫണ്ടിലേക്ക് ഭരണ കക്ഷിക്ക് ഒഴുക്കിക്കൊടുത്ത്തിട്ടുണ്ടാവണം. ഇങ്ങനെയാണ് നമ്മുടെ രാഷ്ട്രീയത്തിന്റെ പോക്ക്. വികസനം എന്നാല്‍ വന്‍കിടക്കാര്‍ക്ക് ലാഭം കൊയ്യാനുള്ള വഴികള്‍ ഉണ്ടാക്കിക്കൊടുക്കലാണ് എന്നും അതിന്റെ പങ്കു പറ്റി അതുപയോഗിച്ചു അടുത്ത തെരഞ്ഞെടുപ്പില്‍ അധികാരത്തില്‍ വരാനുള്ള വഴി തേടലാണ് എന്ന് ഇവര്‍ തെളിയിച്ചു തുടങ്ങിയിട്ട് എത്രയോ കാലമായി. മേല്‍പ്പറഞ്ഞത്‌ ചെറിയ ഒരു ഉദാഹരണം മാത്രം. ജനങ്ങളുടെ വോട്ടു വാങ്ങി അധികാരത്തില്‍ വരിക. ജനാഭിലാഷത്തെ പൂര്‍ണ്ണമായും നിരാകരിച്ചു കൊണ്ടു സ്വന്ത ഇഷ്ട പ്രകാരം ഭരിക്കുക. ഇത്തരം ഒരു വിഷമ വൃത്തത്തില്‍ കിടന്നു രാജ്യം കറങ്ങാന്‍ തുടങ്ങിയിട്ട് വര്‍ഷമേറെയായി. ഇതിന് ഒരു മാറ്റം വരേണ്ട കാലം കഴിഞ്ഞു . നാം ഓരോരുത്തരും നമ്മുടെ കടമ നിറവ്ഏറ്റിയില്ലെന്കില്‍ നമ്മുടെ രാജ്യത്തെ ജനങ്ങളുടെ ഭാവി ഇരുളടഞ്ഞതാവും.

Thursday, April 9, 2009

I intend to bring some of my ideas, thoughts, views, perspectives, interests, tastes, hobbies and so on.... I just started posting it. Hereafter you can expect more more postings here. So keep in touch...